ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു


തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീറാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ മ്യൂസിയം ജംഗ്ഷനില്‍ വെച്ച്‌ ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.


അപകടത്തില്‍ ശ്രീറാമിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അപകടം നടക്കുമ്ബോള്‍ വണ്ടി ഓടിച്ചത് താനല്ലെന്നും സുഹൃത്താണെന്നുമാണ് ശ്രീറാം പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.


പഠനാവധി കഴിഞ്ഞ് എത്തിയ ശ്രീറാമിനെ കഴിഞ്ഞ ദിവസമാണ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്‌ട് ഡയറക്ടര്‍, ഹൗസിങ് കമ്മീഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മൂന്നാറിലെ ഭൂമി കൈയ്യേറ്റങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കലക്ടര്‍ ആണ് ശ്രീറാം വെങ്കിട്ട രാമന്‍.



Sharing is Caring