ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്ന് കോണ്‍ഗ്രസ്; ബിജെപി നേട്ടമുണ്ടാക്കി


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനം. ബിജെപി നേട്ടമുണ്ടാക്കിയെന്ന് വിലയിരുത്തല്‍. പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ശക്തമായ പ്രചാരണത്തിനിറങ്ങും. പദയാത്രകളും വിശദീകരണ യോഗങ്ങളും നടത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിശ്വാസ വിരുദ്ധ നിലപാട് തുറന്ന് കാട്ടാനും സമിതിയില്‍ ധാരണയായി.


അതേസമയം, തുലാമാസ പൂജക്കായി തുറന്ന ശബരിമല നട വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഇന്ന് അടക്കും. നാല് ദിവസത്തിനിടെ പത്ത് യുവതികള്‍ ദര്‍ശനത്തിനെത്തിയെങ്കിലും പ്രതിഷേധം കാരണം സുപ്രീം കോടതി വിധി ഇതുവരെ നടപ്പായില്ല. അവസാന ദിനവും യുവതികളെത്തിയേക്കാമെന്ന വിലയിരുത്തലില്‍ പൊലീസ് കനത്ത കാവല്‍ തുടരുമ്പോള്‍ എന്ത് വില കൊടുത്തും തടയണമെന്ന വാശിയില്‍ സന്നിധാനത്തടക്കം തമ്പടിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍.


ചരിത്രത്തിലെങ്ങുമില്ലാത്ത വ പ്രതിഷേധങ്ങള്‍ നിറഞ്ഞതോടെ പലപ്പോഴും ഭക്തിയുടെ അന്തരീക്ഷം മാറി സംഘര്‍ഷവും പോര്‍വിളിയും നിറഞ്ഞു തുലാമാസ പൂജയുടെ നാളുകളില്‍. മൂന്ന് മലയാളികളടക്കം പത്ത് യുവതികള്‍ എത്തിയെങ്കിലും തീര്‍ത്ഥാടകരും സംഘപരിവാര്‍ സംഘടനകളും എതിര്‍ത്തതോടെ മടങ്ങേണ്ടി വന്നു. അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് സ്ത്രീകള്‍ എത്തുന്നതെങ്കില്‍ സുരക്ഷ നല്‍കുന്നത് പരിഗണിക്കാനാണ് പൊലീസ് തീരുമാനം

എന്നാല്‍ യുവതികളെ തടയുകയെന്ന ലക്ഷ്യത്തോടെ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കൂടുതല്‍ പേര്‍ പമ്പയിലും സന്നിധാനത്തും എത്തുമെന്ന് പൊലീസ് കണക്ക് കൂട്ടുന്നു. ഇന്നും നടയടച്ച ശേഷവു സംഘര്‍ഷ സാധ്യതയെന്ന് രഹസ്യന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇത്തരം അവസ്ഥ മാറാന്‍ നടപടിയുണ്ടാകണമെന്ന ആഗ്രഹമാണ് ശാന്തിമാരടക്കം പങ്കുവയ്ക്കുന്നത്.

മണ്ഡല കാലത്ത് ചുമതല ഏല്‍ക്കുന്ന മേല്‍ശാന്തിമാരും പന്തളം കൊട്ടാരം പ്രതിനിധികളും അചാര പ്രകാരം ഇന്നലെ ക്ഷേത്ര ദര്‍ശനം നടത്തി. രാത്രി 10 ന് ഹരിവരാസനം ചൊല്ലിയാണ് നടയടക്കുന്നത്.



Sharing is Caring