കൊച്ചി: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിനെതിരായി വര്‍ഗീയ പാര്‍ട്ടികള്‍ ശബരിമല വിഷയം നന്നായി ഉപയോഗിച്ചെന്ന് പറഞ്ഞ കടകംപള്ളി ഇത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും പറഞ്ഞു.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെയ്യാത്ത കുറ്റം സര്‍ക്കാരിനുമേല്‍ ചാര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗീയ ഭ്രാന്തന്മാര്‍ക്ക് സാധിച്ചു. അതില്‍ ഒരളവ് വരെ അവര്‍ വിജയിച്ചെന്നത് വാസ്തവമാണ്. അതേസമയം, ചിന്താശേഷിയുള്ള ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞകാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടെന്നും അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നും കടകംപള്ളി വിശദീകരിച്ചു.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വര്‍ഗീയവത്ക്കരിക്കാനാണ് ചില കക്ഷികളുടെ ശ്രമം. തൃശൂര്‍ പൂരം ഇതിന് ഉദാഹരണമാണ്. എക്‌സിറ്റ് പോളുകള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.














