വ്യാജ സമുദായസര്‍ട്ടിഫിക്കറ്റ് കേസില്‍ സിഎംഎസ് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസിനെതിരെ പ്രവേശനമേല്‍നോട്ടസമിതി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സിഎസ്‌ഐ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് സിഎംഎസ് ആംഗ്ലിക്കന്‍സഭ ബിഷപ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ കോഴ വാങ്ങി ഇതരസമുദായക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായുള്ള വാര്‍ത്ത പുറത്തു വന്നതോടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാജസര്‍ട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കാരക്കോണം മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ ഏഴു സീറ്റുകള്‍ സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്കും അനുബന്ധസഭകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സാഹചര്യം മുതലെടുത്ത് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ രൂപതാ ബിഷപ്പായ ഡേവിഡ് വി.ലൂക്കോസ് പണം വാങ്ങി ഇതര സമുദായത്തില്‍ പെട്ട കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.














