വിമർശനം പാർട്ടിക്കെതിരെയല്ല പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയെന്ന് പി കെ ശശി


pksasi

പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി പി കെ.ശശി. വിമർശനം പാർട്ടിക്കെതിരെയല്ല എന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയാണ് താൻ ഫേസ്ബുക്കിൽ കുറിച്ചതെന്നും പി കെ ശശി പറഞ്ഞു.രൂക്ഷമായ പരോക്ഷ വിമർശനങ്ങളാണ് പി കെ ശശിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ടായിരുന്നത്. ‘അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു’ എന്ന് തുടങ്ങുന്ന കുറിപ്പാണ് പി കെ ശശി ഫേസ്ബുക്കിൽ പങ്കുവെച്ചത്.


കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത് എന്നും പി കെ ശശി മുന്നറിയിപ്പ് പി കെ ശശിയുടെ പോസ്റ്റിലുണ്ടായിരുന്നുയ. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക, വരും കാലം നിങ്ങളുടേതല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശശി കുറിപ്പ് അവസാനിപ്പിച്ചത്. പ്രാഥമിക അംഗത്വത്തിലേയ്ക്ക് തരംതാഴ്ത്തിയ നടപടിയിൽ സിപിഐഎം നേതൃത്വത്തിനെതിരെയുള്ള ശശിയുടെ ഒളിയമ്പാണ് ഈ പോസ്റ്റ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി കെ ശശിയെ പുറത്താക്കൻ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു.


എഫ്ബി പോസ്റ്റിന്റെ പൂർണരൂപം

എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം.2024 – പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.

ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും.
സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാം. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.

ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികൾ കടമെടുക്കട്ടെ. “എവിടെ നിർഭയമാകുന്നു മാനസം, അവിടെ നിൽക്കുന്നു ശീർഷം സമുന്നതം”
ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്.
ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല.
ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!



Sharing is Caring