വിമാനത്താവളത്തില്‍ ഭീതി പരത്തിയ അജ്ഞാതപ്പെട്ടിക്കുള്ളില്‍ തേങ്ങ; സംശയിക്കേണ്ട ഈ പെട്ടി കേരളത്തില്‍ നിന്ന് തന്നെ എന്ന് സോഷ്യല്‍ മീഡിയ


റോം: റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അജ്ഞാതപ്പെട്ടി യാത്രക്കാരെയും ഉദ്യോഗസ്ഥരെയും മുള്‍ മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. സംശയാസ്പദമായ സാഹചര്യത്തില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ചനിലയില്‍ കാണപ്പെട്ട പെട്ടിയില്‍ ബോംബാണെന്ന അഭ്യൂഹം യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയുമടക്കം ഭീതിയിലാക്കി. ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് പെട്ടി കണ്ടെത്തിയത്. സ്‌ഫോടകവസ്തുക്കളാണെന്ന പൊലീസ് നിഗമനത്തെതുടര്‍ന്ന് ദീര്‍ഘനേരം വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.


ഒടുവില്‍ ബോംബ് സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയിലാണ് പെട്ടിയില്‍ തേങ്ങയാണെന്ന് കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തി. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സംഭവം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടിയില്‍ ബോംബെന്ന് പറഞ്ഞ ഉദ്യോഗസ്ഥരെയും പേടിച്ച് മാറിനിന്ന യാത്രക്കാരെയും ട്രോളിക്കൊണ്ടുള്ളതാണ് ട്വിറ്റര്‍ കമന്റുകള്‍.


പിന്നീട് പെട്ടിയില്‍ നിന്ന് കണ്ടെത്തിയത് തേങ്ങയാണെന്നറിഞ്ഞ് ഇത് കേരളത്തില്‍ നിന്നുള്ള ആരുടെയെങ്കിലും പെട്ടിയായിരിക്കുമെന്ന് പോലും കമന്റുകളെത്തി. എന്നാല്‍ പെട്ടിയുടെ യഥാര്‍ത്ഥ ഉടമസ്ഥനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Sharing is Caring