‘വിദേശയാത്ര ഒഴിവാക്കാമായിരുന്നു, മൈക്കിനോടുപോലും കയര്‍ക്കുന്നു, ശൈലി മാറ്റിയെ തീരൂ’- സംസ്ഥാന സമിതിയില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശനം


തിരുവനന്തപുരം: തിരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തില്‍ പിണറായി വിജയനെതിരെ ഉയരുന്നത് കടുത്ത വിമർശനങ്ങള്‍.


മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, തുടങ്ങിയവയ്‌ക്കും വിമർശനമുയർന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടയില്‍ നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടിയിരുന്നു. യാത്ര അനാവശ്യ വിവാദത്തിനിടയാക്കി.


മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ പലതും ജനങ്ങള്‍ക്കു ദഹിക്കുന്നതായിരുന്നില്ല. മൈക്കിനോടുപോലും കയർക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. മറ്റു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രചാരണം ഷെഡ്യൂള്‍ ചെയ്യാത്തത് കേന്ദ്ര നേതൃത്വത്തിന്റെ വീഴ്ചയാണ്. രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രി തിരഞ്ഞെടുപ്പു ഘട്ടത്തില്‍ വിദേശത്തുപോയത് പ്രതിപക്ഷം ആയുധമാക്കി.

കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും വിമർശനം ഉണ്ടായി. വിവാദ നായകരുമായുള്ള ബന്ധം ഒഴിവാക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ ആയുധമായെന്നും വിമർശനം ഉയർന്നു.ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലാതായതും അടക്കമുള്ള ഭരണ വീഴ്ചകള്‍ സാധാരണ ജനങ്ങളെ എതിരാക്കി എന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയർന്ന വിമർശനം. മുഖ്യമന്ത്രിക്കെതിരെ കീഴ് ഘടകങ്ങളില്‍ ഉയരുന്ന വിമർശനങ്ങള്‍ അവഗണിക്കരുതെന്ന നിർദ്ദേശവും സംസ്ഥാന സമിതിയില്‍ ഉണ്ടായി.

സർക്കാർ പദ്ധതികളില്‍ മുൻഗണന നിശ്ചയിക്കണമെന്നും അംഗങ്ങള്‍ അവശ്യപ്പെട്ടു. അഞ്ചുദിവസം നീണ്ടുനിന്ന സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും. ചർച്ചയ്‌ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും മറുപടി പറയും. തെറ്റ് തിരുത്തല്‍ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും. സംസ്ഥാന കമ്മിറ്റിയില്‍ ഉയർന്ന വിമർശനങ്ങള്‍ കൂടി പരിഗണിച്ചാണ് മാർഗരേഖ ഒരുക്കുക.



Sharing is Caring