വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി


വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.നിയമത്തിലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിയമപ്രകാരം സമയ പരിധി നീട്ടുന്നതിനായി വഖഫ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.


വഖഫ് സ്വത്തുക്കളുടെ ഓണ്ലൈൻ രജിസ്ട്രേഷനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഉമീദ് പോർട്ടലുമായി (യുഎംഇഇഡി) ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാനും കോടതി വിസമ്മതിച്ചു.വഖഫ് ഭേദഗതി നിയമം 2025 പ്രാബല്യത്തില്‍ വന്നതുമുതല്‍ എല്ലാ വഖഫ് സ്വത്തുക്കളുടെയും നിർബന്ധിത രജിട്രേഷന് ആറ് മാസത്തെ സമയപരിധി കേന്ദ്രസർക്കാർ നല്‍കിയിരുന്നു. അതിനായി കേന്ദ്രസർക്കാർ ഉമീദ് പോർട്ടലും ആരംഭിച്ചു.


കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി ഈയാഴ്ച അവസാനിക്കാനിരിക്കെയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാൻ ബെഞ്ച് വിസമ്മതിച്ചു.കേന്ദ്രസർക്കാർ ഈ വർഷം ഏപ്രിലില്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തിരുന്നെങ്കിലും. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. നിയമം ഭേതഗതി ചെയ്യുന്നതിന് മുന്പും ഇത്തരമൊരു വ്യവസ്ഥ നിലനിന്നിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.



Sharing is Caring