രാജസ്ഥാന്‍: ലോകവനിതാ ദിനത്തില്‍ പുരുഷന്‍മാരെ പരിഹസിച്ച് രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സുമന്‍ ശര്‍മ. സ്ത്രീകള്‍ സ്വപ്നം കണ്ട വിരിഞ്ഞ നെഞ്ചും, നെഞ്ചില്‍ നിറയെ രോമവുമുള്ള പുരുഷന്മാരെ ഇപ്പോള്‍ കാണാനില്ല. സ്വന്തം പാന്റുപോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ലോ വെയ്സ്റ്റ് ജീന്‍സിട്ടു നടക്കുന്ന ആണ്‍പിള്ളേര്‍ക്ക് എങ്ങനെ തങ്ങളുടെ സഹോദരികളെ സംരക്ഷിക്കാനാവുമെന്നും അവര്‍ ചോദിച്ചു.
ജയ്പൂരില്‍ ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുമന്‍. അഴിഞ്ഞുവീഴാറായ ജീന്‍സ് ധരിക്കുന്നവരാണ് ഇപ്പോഴത്തെ ആണ്‍കുട്ടികള്‍. സ്വന്തം ജീന്‍സ് മര്യാദയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് സഹോദരികളെ സംരക്ഷിക്കുക. സ്ത്രീകളെപ്പോലെ കമ്മല്‍ ധരിക്കുക്കുകയും സീറോ സൈസായി നടക്കുകയുമാണ് പുരുഷന്മാരെന്നും ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്നും സുമന്‍ ചോദിച്ചു.

‘ആണ്‍കുട്ടികളെ വിരിഞ്ഞമാറുളളവരാക്കേണ്ടതുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തമാണ്. കുട്ടികളില്‍ മൂല്യങ്ങള്‍ നിറയ്ക്കേണ്ടത് മാതാവിന്റെ ഉത്തരവാദിത്തമാണ്’ സുമന്‍ പറഞ്ഞു. പുരുഷന്മാരെ പിന്നിലാക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് അധികം മുന്നോട്ടുപോകാനാവില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകള്‍ അതിരുവിടരുതെന്നും സുമന്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.













