ലിംഗനീതി:വനിതാ പണിമുടക്കില്‍ സ്തംഭിച്ച്‌ സ്പെയിന്‍


മാഡ്രിഡ: ലിംഗനീതിക്കായി ശബ്ദമുയര്‍ത്തി അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാപ്രക്ഷോഭകരുടെ പൊതുപണിമുടക്കില്‍ സ്പെയിന്‍ സ്തംഭിച്ചു. രാജ്യത്തെ ട്രേഡ് യൂണിയനുകളും പ്രമുഖരാഷ്ട്രീയപാര്‍ടികളിലെ വനിതാനേതാക്കളും പണിമുടക്കിന് പിന്തുണ അറിയിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ 170 രാഷ്ട്രങ്ങളില്‍ വനിതാവിമോചന സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയെങ്കിലും സ്പെയിനില്‍മാത്രമാണ് ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്. ‘ഞങ്ങള്‍ നിശ്ചലമായാല്‍ ലോകം നിശ്ചലമാകും’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്പെയിനിലെ 120 തെരുവുകളില്‍ വനിതാപ്രക്ഷോഭകര്‍ ഇറങ്ങി.


വനിതകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ രാജ്യത്തെ മിക്ക സേവനമേഖലകളും സ്തംഭിച്ചു. പുരുഷ- വനിത തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രമുഖ ട്രേഡ് യൂണിയനുകളും ആഹ്വാനംചെയ്തു.തൊഴിലാളികള്‍ വിട്ടുനിന്നതിനെതുടര്‍ന്ന് മുന്നൂറോളം വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി. സ്പെയിന്‍ ജനതയില്‍ 82 ശതമാനവും വനിതാപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായി പ്രമുഖ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനില്‍ വനിതാജീവനക്കാര്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച്‌ 13 മുതല്‍ 19 ശതമാനംവരെ കുറവ് വേതനമാണ് പൊതു- സ്വകാര്യ മേഖലയില്‍ ലഭിക്കുന്നത്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച്‌ മറ്റ് വിവിധ രാഷ്ട്രങ്ങളില്‍ വനിതാവിമോചകര്‍ പ്രകടനം നടത്തി.




Sharing is Caring