ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തനിക്ക് പോന്ന എതിരാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മതിക്കേണ്ടി വന്നുവെന്ന് എൻഡിഎ ഘടകകക്ഷി ശിവസേന.നാലു വർഷം മുമ്പ് ‘പപ്പു’എന്ന് വിളിച്ച തളളിക്കളഞ്ഞ രാഹുൽ നേതാവായി ഉയർത്തെഴുന്നേറ്റുവെന്ന് ശിവസേന വിലയിരുത്തി.ബിജെപി ഗൗരവത്തോടെ കാണേണ്ട നേതാവായി രാഹുൽ ഗാന്ധി വളർന്നുവെന്നും ശിവസേന ചൂണ്ടിക്കാട്ടി.ശിവസേന മുഖപത്രം സാമ്നയിലെ എഡിറ്റോറിയലിലാണ് ശിവസേനയുടെ വിലയിരുത്തൽ.
“ഗുജറാത്തിലെ അന്തിമഫലം എന്തുമാകട്ടെ,ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനാണ് ബിജെപിയുടെ ഏറ്റവും വലിയ കരുത്ത്.”-ശിവസേന പറയുന്നു.

“രാഹുൽ ‘പപ്പു’ അല്ലെന്ന് തെളിയിച്ചു കഴിഞ്ഞു.ബിജെപി ഇക്കാര്യം അംഗീകരിച്ചേ മതിയാവൂ.തെരഞ്ഞെടുപ്പിൽ പാർട്ടികളും ആശയങ്ങളും ഏറ്റുമുട്ടും.പക്ഷെ നമ്മെ എതിർക്കാൻ ആരും പ്രാപ്തരല്ല എന്ന മനോഭാവം ഞെട്ടിക്കുന്നതാണ്.രാഹുൽ കോൺഗ്രസ് അധ്യക്ഷപദത്തിലേക്കുയരുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.”-ശിവസേന അഭിപ്രായപ്പെട്ടു.












