രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ.ബിജെപിയുടെ ശക്തികേന്ദ്രമായ നഗരപരിധിയിൽ ഞങ്ങൾ വിചാരിച്ചതിലും പോളിങ് കൂടിയെന്നും എൽഡിഎഫും യുഡിഎഫും അവരുടെ ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകളിൽ പോളിങ് കുറഞ്ഞെന്നും കൃഷ്ണകുമാർ പറഞ്ഞു. 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു .
കണ്ണാടിയിലും മാത്തൂരും ഒന്നാം സ്ഥാനത്തോ അല്ലെങ്കിൽ രണ്ടാം സ്ഥാനത്തോ എൻഡിഎ വരുമെന്ന് സി കൃഷ്ണകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.‘പതിനായിരത്തിൽ അധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയിൽ പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് പിരായിരി പഞ്ചായത്തിൽ ലഭിക്കുന്ന ലീഡിനെ മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയിൽ എൻഡിഎയ്ക്ക് കിട്ടും. കഴിഞ്ഞ തവണ മൂന്ന് പഞ്ചായത്തുകളിലും മൂന്നാം സ്ഥാനമായിരുന്നു എൻഡിഎയ്ക്ക്. ഇത്തവണ പിരായിരി പഞ്ചായത്തിൽ രണ്ടാംസ്ഥാനത്തേക്ക് വരും.

മറ്റുരണ്ട് പഞ്ചായത്തുകളിൽ യുഡിഎഫിനും എൽഡിഎഫിനും ഒപ്പമോ അല്ലെങ്കിൽ ഇരുമുന്നണികളെയും മറികടന്ന് മുന്നോട്ടുപോകാനുമാകും’, കൃഷ്ണകുമാർ അവകാശപ്പെട്ടു.ചിട്ടയായ പ്രവർത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാർട്ടി കാഴ്ചവെച്ചത്.സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും പാർട്ടിയെ ബാധിക്കില്ല. അതീ പ്രസ്ഥാനത്തിന്റെ ഗുണമാണ്. സന്ദീപിന്റെ പഴയ പല വാട്സ്ആപ്പ് ചാറ്റുകളും പ്രവർത്തകർ കുത്തിപ്പൊക്കിയിട്ടുണ്ട്. താൻ ആരാണെന്ന് സാധാരണ പ്രവർത്തകർക്കറിയാം. സന്ദീപിന് ആരെയും സ്വാധീനിക്കാനുള്ള ശേഷിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.













