യോഗിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ ബുര്‍ഖ അഴിപ്പിച്ചു


ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലീം വനിതയുടെ ബുര്‍ഖ പോലീസ് അഴിപ്പിച്ചു.
മുഖ്യമന്ത്രി വേദിയില്‍ എത്തുന്നതിന് അല്‍പ സമയം മുമ്ബ് മൂന്ന് വനിതാ പോലീസുകാര്‍ സദസിലേക്ക് വരികയും ബുര്‍ഖ ധരിച്ചിരിക്കുന്ന സ്ത്രീയോട് അത് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇത് അഴിച്ച്‌ മാറ്റ് ബാഗില്‍ സൂക്ഷിച്ചെങ്കിലും അല്‍പ്പം കഴിഞ്ഞ് മറ്റൊരു ഉദ്യോഗസ്ഥന്‍ ഇത് വാങ്ങി കൊണ്ട് പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
ബുര്‍ഖ അണിഞ്ഞ് പാര്‍ട്ടി പരിപാടിക്കെത്തിയ ബിജെപി പ്രവര്‍ത്തകയായ സൈറ എന്ന സ്ത്രീയുടെ ബുര്‍ഖയാണ് വനിതാ പോലീസ് എത്തി അഴിപ്പിച്ചത്.
താന്‍ വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകയാണ്. കറുത്ത നിറത്തിലുള്ള ബുര്‍ഖയാണ് താന്‍ ധരിച്ചിരുന്നത്. കറുപ്പ് നിറത്തിന് പരിപാടി നടക്കുന്ന സ്ഥലത്ത് നിരോധനം നിലനിന്നിരുന്നു. അതിനാലാണ് ബുര്‍ഖ അഴിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതെന്നും സൈറ അറിയിച്ചു. താനും ഭര്‍ത്താവും വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകരാണെന്നും സൈറ കൂട്ടിച്ചേര്‍ത്തു.
ബുര്‍ഖ അഴിപ്പിച്ചത് സംബന്ധിച്ച്‌ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍, കറുത്ത കൊടികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് റാലിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആരും നിര്‍ബന്ധിച്ച്‌ ബുര്‍ഖ അഴിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഇക്കാര്യം അന്വേഷിക്കുമെന്നുമായിരുന്നു ജില്ലാ പോലീസ് മേധാവി അനില്‍ കുമറിന്റെ വിശദീകരണം.
മൂന്ന് ദിവസം മുമ്ബ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യോഗി ആദിത്യനാഥിനെ ഒരാള്‍ കരിങ്കൊടി കാണിച്ചിരുന്നു. തുടര്‍ന്ന് ചില ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അയാളെ മര്‍ദ്ദിച്ചത് വിവാദമായിരുന്നു.




Sharing is Caring