യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണം: രമേശ് ചെന്നിത്തല


തിരുവനന്തപുരം: നിയമസഭാകവാടത്തില്‍ സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം. സര്‍ക്കാരുമായി സംസാരിച്ച് സമവായം ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.


ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍(കോണ്‍ഗ്രസ്), പാറയ്ക്കല്‍ അബ്ദുള്ള(മുസ്ലീംലീഗ്), ഡോ.എന്‍.ജയരാജ്(കേരള കോണ്‍ഗ്രസ് എം), എന്നിവര്‍ സത്യാഗ്രഹം ആരംഭിച്ചത്. സഭയ്ക്കകത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സത്യാഗ്രഹസമരം പ്രഖ്യാപിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.


പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിയമസഭയില്‍ നടത്തുന്ന മൂന്നാമത്തെ സമരമാണ് ശബരിമലവിഷയത്തിലേത്. ഈ മാസം 13 വരെയാണ് ഇത്തവണത്തെ സഭാസമ്മേളനം. സമ്മേളനം അവസാനിക്കുന്നത് വരെ സത്യഗ്രഹം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭയ്ക്കകത്ത് മറ്റ് വിഷയങ്ങള്‍ക്കൊപ്പം ശബരിമല വിഷയവും തുടര്‍ന്നും ഉയര്‍ത്താനാണ് നീക്കം. ശബരിമല വിഷയം സജീവമാക്കി നിര്‍ത്താന്‍ അംഗങ്ങളുടെ സത്യഗ്രഹം ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം.



Sharing is Caring