യുഎസില്‍ സർക്കാർ സ്ഥാപനങ്ങളില്‍ ഒക്ടോബർ ഒന്ന് മുതല്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ല് പാസാക്കി.ഇന്ന് പുലർച്ചെ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത ജനപ്രതിനിധി സഭ 222- 209 വോട്ടുകള്‍ക്ക് പാസാക്കിയത്.ഉടൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുമെന്നാണ് വിവരം.
ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബില്‍. ഷട്ട്ഡൗണ്‍ അവസാനിക്കുന്നതോടെ നിലച്ച ഭക്ഷ്യ പദ്ധതികള്‍ പുനരാരംഭിക്കാനും ഫെഡറല്‍ ജീവനക്കാർക്ക് മുടങ്ങിയ ശമ്ബളം നല്‍കാനും കഴിയും.സർക്കാർ സ്ഥാപനങ്ങള്‍ക്ക് പുതിയ സാമ്ബത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കാനുള്ള ധനാനുമതി ബില്‍ ഡെമോക്രാറ്റുകളുടെ എതിർപ്പ് മൂലം പാസാക്കാൻ കഴിയാതെ വന്നതോടെയാണ് യുഎസില്‍ ഷട്ട്ഡൗണ്‍ ഏർപ്പെടുത്തിയത്.

അവശ്യ സർവീസുകള്‍ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയായിരുന്നു.ഡെമോക്രാറ്റിക് അംഗങ്ങളുമായി നടത്തിയ മാരത്തണ്‍ ചർച്ചകള്‍ക്കൊടുവിലാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിലെ ആദ്യ കടമ്ബ മറികടന്നത്. 100 അംഗ സെനറ്റില്‍ 53 സീറ്റാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്.
60 അംഗങ്ങളുടെ പിന്തുണ വേണം ബില്‍ പാസാകാൻ. റിപ്പബ്ലിക്കൻമാർ മുന്നോട്ടുവച്ച ചില വിട്ടുവീഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന കരാർ, പാർട്ടി നേതൃത്വത്തെ അവഗണിച്ച് ഒരു വിഭാഗം ഡെമോക്രാറ്റുകള്‍ അംഗീകരിച്ചതോടെയാണ് പ്രാരംഭ വോട്ട് മറികടക്കാനായത്.












