യാത്രക്കിടെ നടിയെ അപമാനിച്ചയാള്‍ പിടിയില്‍


വിമാന യാത്രക്കിടെ ബോളിവുഡ് നടി സൈറ വാസിമിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ്(39)ആണ് അറസ്റ്റിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യാത്രികന്റെ പേരില്‍ 354ാം വകുപ്പുപ്രകാരം (സ്ത്രീയെ അപമാനിക്കാന്‍ മനഃപൂര്‍വമായ ശ്രമം) കേസെടുത്തിട്ടുണ്ട്.


വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴി ദുരനുഭവം പങ്കുവെച്ച പതിനേഴുകാരിയായ നടിയുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം ആണ് കേസെടുത്തത്.


ഞായറാഴ്ച പുലര്‍ച്ചെ വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയില്‍ വന്നിറങ്ങിയ ഉടനെയാണ് യാത്രയ്ക്കിടെ നേരിട്ട അപമാനം പൊട്ടിക്കരഞ്ഞുകൊണ്ട് നടി വിവരിച്ചത്.

മുംബൈയിലെ സഹാര്‍ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെത്തന്നെ മുംബൈ പൊലിസ് നടിയെക്കണ്ട് മൊഴിയെടുത്തിരുന്നു.



Sharing is Caring