പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി സര്‍വകലാശാലയ്ക്ക് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം. 1978ല്‍ ബി.എ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളുടെയും വിശദാംശങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് സി.ഐ.സി നിര്‍ദ്ദേശിച്ചു.
1978ല്‍ മോഡി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം പാസായെന്നാണ് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും അവകാശവാദം. ഈ സാഹചര്യത്തിലാണ് അന്നത്തെ രേഖകള്‍ പരിശോധിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചത്. മോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന യൂണിവേഴ്സിറ്റിയുടെ വാദം കമ്മീഷന് തള്ളി.

1978ല്‍ പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പേര്, മാതാപിതാക്കളുടെ പേര്, രജിസ്റ്റര്‍ നന്പര്, മാര്‍ക്ക് തുടങ്ങി സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ പരിശോധനയ്ക്കായി ലഭ്യമാക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശം നല്കി. വിവരാവകാശ പ്രവര്ത്തകന് നീരജ് നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദം നേടിയിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപണം ഉന്നയിച്ചതോടെയാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വിവാദമായത്.












