മെസി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത് എന്ന്; തുറന്ന് പറഞ്ഞ് പരിശീലകന്‍


അര്‍ജന്റീനിയന്‍ ദേശീയ ടീമില്‍ നിന്ന് കുറച്ച് നാളത്തേയ്ക്ക് മാറിനില്‍ക്കുകയാണെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ടു തന്നെ അടുത്ത മാസം കൊളംബിയക്കെതിരെയും, ഗ്വാട്ടിമാലയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനിയന്‍ ദേശീയ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ടീമിന്റെ താല്‍ക്കാലിക പരിശീലകന്‍ ലയണല്‍ സ്‌കലോണിയുമായി സംസാരിച്ചതിന് ശേഷമാണ് ദേശീയ ടീമില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള മെസിയുടെ തീരുമാനമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും താരം എന്ന് ദേശീയ ടീമിലേക്ക് തിരിച്ചെത്തും എന്ന കാര്യത്തില്‍ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്റീനിയന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി.


മെസി എന്ന് ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ തനിക്കും വലിയ ധാരണയില്ലെന്നാണ് അര്‍ജന്റീനിയന്‍ പരിശീലകന്‍ പറയുന്നത്. ‘ താന്‍ മെസിയുമായി സംസാരിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത മാസം നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. പക്ഷേ അദ്ദേഹം എന്ന് തിരിച്ചെത്തുമെന്നോ ഭാവിയില്‍ എന്താവും നടക്കുകയെന്നോ തനിക്കറിയില്ല. തനിക്ക് മെസിയുമായി മികച്ച ബന്ധമാണുള്ളത്, അദ്ദേഹം വളരെ വേഗം തന്നെ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്’. സ്‌കലോണി പറഞ്ഞുനിര്‍ത്തി. നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് സാംപോളിയെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനാലാണ് താല്‍ക്കാലിക പരിശീലകനായി ലയണല്‍ സ്‌കലോണി സ്ഥാനം ഏറ്റെടുത്തത്. അടുത്ത മാസം നടക്കാനിരിക്കുന്ന ടീമിന്റെ സൗഹൃദ മത്സരങ്ങളില്‍ സ്‌കലോണിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.


2016ല്‍ കോപ്പ അമേരിക്കന്‍ ഫൈനലില്‍ ചിലിയോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരാധകരുടെയും മാനേജ്‌മെന്റിന്റെയും നിരന്തര അഭ്യര്‍ത്ഥന മാനിച്ച് 2 മാസങ്ങള്‍ക്ക് ശേഷം മടങ്ങിവരുകയായിരുന്നു. അര്‍ജന്റീനക്കായി ഒരു കിരീടം പോലും സമ്മാനിക്കാന്‍ മെസിക്കായിട്ടില്ല.

കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം മെസി എന്ന ഇതിഹാസ താരം അര്‍ജന്റീന ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ മെസി ഇനി ടീമിലേക്ക് മടങ്ങി വരില്ലയെന്ന തരത്തിലും വാര്‍ത്തകളുണ്ട്. മെസിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നും. മെസിക്കും കുടുംബത്തിനും സന്തോഷം നല്‍കുന്ന തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും സഹതാരമായിരുന്ന കാര്‍ലോസ് ടെവസ് പറഞ്ഞു. മടങ്ങി വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം മടങ്ങിയെത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



Sharing is Caring