തിരുവനന്തപുരം: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയ്ക്ക് തിരുവനന്തപുരത്ത് സമാപനം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 24ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യുവജന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ആയിരങ്ങളാണ് അണിനിരന്നത്. വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യാത്ര.
വര്‍ഗീയ ഭിന്നിപ്പുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണു കേന്ദ്രത്തില്‍ ബിജെപിയും കേരളത്തില്‍ സിപിഐഎമ്മും ശ്രമിക്കുന്നതെന്നും ഇതിനെതിരെ മതേതര ശക്തികള്‍ ഒരുമിച്ചു നില്‍ക്കണമെന്നും കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. മുസ്ലിം ന്യൂനപക്ഷങ്ങളെ സംഘടിപ്പിച്ചു ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ ലീഗ് വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്നും ശിവകുമാര്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ഭിന്നിച്ചു നിന്നതു കൊണ്ടു മാത്രം അധികാരത്തിലേറിയ ബിജെപി, അവര്‍ ഒന്നിച്ചപ്പോള്‍ തകരാന്‍ തുടങ്ങിയെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ഭരണത്തില്‍ അകപ്പെട്ട മറ്റു പല സംസ്ഥാനങ്ങളെയും പോലെ കേരളവും അപകടപാതയിലാണെന്നും ഇതിനെ പ്രതിരോധിക്കുകയാണ് യൂത്ത് ലീഗിന്റെ മുഖ്യലക്ഷ്യമെന്നും ജാഥാ ക്യാപ്റ്റന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ശശി തരൂര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, എം.പി. അബ്ദുസമദ് സമദാനി, എം.കെ. മുനീര്‍ എംഎല്‍എ, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു. സാമൂഹിക സേവന, ദുരന്തനിവാരണത്തിനായി യൂത്ത് ലീഗ് പരിശീലിപ്പിച്ചു സജ്ജമാക്കിയ വൈറ്റ് ഗാര്‍ഡ് സന്നദ്ധസേനയുടെ സമര്‍പ്പണവും നടന്നു.












