മുന്നണിവിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. വീരേന്ദ്രകുമാറിന്‍റെ ലോക്താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുത്തേക്കും.
ഇടുതുമുന്നണി പ്രവേശനം കാത്തിരിക്കുന്ന പാര്‍ട്ടികള്‍ നിരവധിയാണ്. അതില്‍ വീരേന്ദ്രകുമാറിന്‍റെ ലോക്താന്ത്രിക് ജനാതാദളിനെ മുന്നണിയിലെടുക്കുന്ന കാര്യം ഉറപ്പാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മുന്നണിയോഗത്തില്‍ എടുക്കുകമാത്രമേ ഇനി ബാക്കിയുള്ളു.

ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ്, മുന്നണിയിലുള്ള സ്കറിയാ വിഭാഗവുമായി ലയിക്കാന്‍ നേരത്തെ മുന്നണി നേതൃത്വം പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും അത് പാളി. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പാണ്.
25 വര്‍ഷത്തോളമായി ഇടതുമുന്നണിക്ക് ഒപ്പമുള്ള ഇന്ത്യന്‍ നാഷണല്‍ ലീഗിനും ഇത്തവണ അകത്തേയ്ക്ക് പ്രവേശനം കിട്ടിയേക്കും. പഴയ സ്വാധീനമില്ലെങ്കിലും കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ച സികെ ജാനു എന്നീ പാര്‍ട്ടികളുടെ കാര്യത്തില്‍ ധാരണ ആയിട്ടില്ല.
കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ സജ്ജീവമാണ്. സിഎംപിയിലെ എം കെ കണ്ണന്‍ വിഭാഗവും വൈകാതെ സിപിഎമ്മിന്‍റെ ഭാഗമാകും. ഓരോ എംഎല്‍എമാരുള്ള ആര്‍എസ്പി ലെനിനിസ്റ്റ്, നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളോട് മറ്റേതെങ്കിലും കക്ഷിയുടെ ഭാഗമായി ഇടതുമുന്നണിയിലെത്താന്‍ നോക്കണമെന്നാണ് നിര്‍ദ്ദേശം.
വനിതാ മതിലിന്‍റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.












