മാവോയിസ‌്റ്റ‌് നേതാവിന്റെ മകളെ പീഡിപ്പിച്ച രജീഷ്‌ പോളിനെതിരെ കേസെടുത്തു


കണ്ണൂര്‍> ജയിലില്‍ കഴിയുന്ന മാവോയിസ‌്റ്റ‌് നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പരിയാരം പൊലീസ‌് കേസെടുത്തു. കോഴിക്കാട് 2015ല്‍ നടത്തിയ ‘അമാനവസംഗമം’ പരിപാടിയുടെ മുഖ്യസംഘാടകനും മാവോയിസ‌്റ്റ‌് പ്രവര്‍ത്തകനുമായ രജീഷ‌് പോളിനെതിരെയാണ‌് കേസ‌്. സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റയുടെ നിര്‍ദേശപ്രകാരം പാലക്കാട‌് പൊലീസ‌് രജിസ‌്റ്റര്‍ ചെയ‌്ത കേസ‌് സംഭവം നടന്ന പ്രദേശം പരിയാരം പൊലീസ‌്സ‌്റ്റേഷന്‍ പരിധിയിലായതിനാല്‍ ഇവിടേക്ക‌് കൈമാറുകയായിരുന്നു. പരിയാരത്ത‌് പുതിയ എഫ‌്‌ഐആര്‍ രജിസ‌്റ്റര്‍ ചെയ‌്ത‌് അന്വേഷണം തുടങ്ങി.


രജീഷ‌് പോള്‍ 2012ല്‍ പിലാത്തറയില്‍ വാടകയ‌്ക്ക‌് താമസിച്ചിരുന്നു. ഈ വീട്ടിലാണ‌് കേസിനാസ‌്പദമായ സംഭവം. പ്രതിയുടെ സ്വദേശത്തെക്കുറിച്ച‌് വ്യക്തമായ ധാരണയില്ലാത്തത‌് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട‌്. പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ 2018 ആഗസ‌്തില്‍ നടത്തിയ വെ‌ളിപ്പെടുത്തലിലൂടെയാണ‌് സംഭവം പുറത്തായത‌്. തുടര്‍ന്ന‌് ശക്തമായ നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ട‌് സംസ്ഥാന യുവജന കമീഷന്‍ ഡിജിപിക്ക‌് നിര്‍ദേശം നല്‍കി. ആക്ടിവിസ്‌റ്റും എഴുത്തുകാരിയുമായ ആതിര എന്ന രേഖാരാജ‌ും ഡിജിപിക്ക‌് പരാതി നല്‍കിയിരുന്നു.


അച്ഛനും അമ്മയുമായുള്ള അടുപ്പം മുതലെടുത്താണ‌് ഇയാള്‍ ചൂഷണം ചെയ‌്തതെന്ന‌് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. 16 വയസ്സുള്ളപ്പോഴാണ‌് പീഡനം. വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെയാണ‌് പെണ്‍കുട്ടിക്ക‌് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി വിവിധ കോണുകളില്‍നിന്നുള്ള ഇടപെടലുണ്ടായത‌്. പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ശരിവച്ച‌് രജീഷ‌് പോളിന്റെ മുന്‍ ഭാര്യയും രംഗത്തെത്തി. രജീഷിന്റെ സ്വദേശം കണ്ണൂരിലെ ചെമ്ബേരിയാണെന്നും വയനാടാണെന്നും സംസാരമുണ്ട‌്. നിലവില്‍ പിലാത്തറയില്‍ ഇയാള്‍ താമസമില്ല. പൊലീസ‌് ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.

പീഡനത്തിന‌് ഇരയായ പെണ്‍കുട്ടിയുമായി പരിയാരം എസ‌്‌ഐ വി ആര്‍ വിനീഷ‌് ബന്ധപ്പെട്ടെങ്കിലും അവധിക്ക‌് എത്തുമ്ബോള്‍ ഹാജരാകാമെന്ന മറുപടിയാണ‌് ലഭിച്ചത‌്. മൊഴി രേഖപ്പെടുത്തല്‍, വൈദ്യപരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ അപ്പോള്‍ പൂര്‍ത്തിയാക്കും



Sharing is Caring