മതത്തെ രക്ഷിക്കാനാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്; കുറ്റസമ്മതം നടത്തി പ്രതി


ബംഗളുരു: തന്റെ മതത്തെ രക്ഷിക്കാനാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി അറ്സ്റ്റിലായ പ്രതി പരശുറാം വാഗ്മറെ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയിരിക്കുന്നത്.


ആരെയാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലായിരുന്നു. ആര്‍കെ നഗറിലുള്ള ഗൗരി ലങ്കേഷിന്റെ വീട്ടില്‍ എത്തി നാലു തവണ അവര്‍ക്കു നേരെ നിറയൊഴിച്ചു. എന്നാല്‍ കൊലപാതകം നടത്തിയതിനുശേഷമാണ് ഗൗരി ലങ്കേഷാണ് കൊല്ലപ്പെട്ടതെന്ന് മനസിലായത്. 2017 മെയില്‍ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊലപ്പെടുത്തണം എന്ന ആവശ്യവുമായി കുറച്ചുപേര്‍ എന്നെ സമീപിച്ചു. അവരുടെ ആവശ്യം ഞാന്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തരുതായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നതായും കുറ്റസമ്മതത്തില്‍ വാഗ്മറെ പറയുന്നു.


2017 സെപ്തംബര്‍ മൂന്നിനാണ് വാഗ്മറെ ബംഗളുരുവില്‍ എത്തിയത്. ബല്‍ഗാവിയില്‍ വച്ച്‌ എയര്‍ ഗണ്‍ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ചിരുന്നു. ശേഷം സെപ്തംബര്‍ അഞ്ചിനാണ് വാഗ്മറെ ഗൗരി ലങ്കേഷിനെ കൊലപ്പെടുന്നത്. ബൈക്കില്‍ ഒരാള്‍ തന്നെ കൊണ്ടുപോവുകയും കൊലനടത്തേണ്ട വീട് കാണിച്ച്‌ തരികയും ചെയ്തു. പിറ്റേ ദിവസം ബംഗളുരുവില്‍ മുറിയെടുത്തു. ഇവിടെ മറ്റൊരാള്‍ വരികയും ആര്‍കെ നഗറിലുള്ള ഗൗരി ലങ്കേഷിന്റെ വീട് കാണിച്ചു തരികയും ചെയ്തു.

സെപംതംബര്‍ അഞ്ചിന് വൈകുന്നേരം വീണ്ടും ബൈക്കില്‍ ഗൗരി ലങ്കേഷിന്റെ വീടിനു സമീപം എത്തി. ജോലി കഴിഞ്ഞ് ഗൗരി ലങ്കേഷും ഞങ്ങളും ഒരേ സമയത്താണ് വീടിനു സമീപം എത്തിയത്. ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി അവര്‍ കാറില്‍ നിന്നും എന്റെ നേരെ നടന്നുവന്നു. ഉടന്‍ തന്നെ അവര്‍ക്കു നേരെ നാല് തവണ വെടിയുതിര്‍ത്തു. കൊലപാതകത്തിനുശേഷം മുറിയിലേക്ക് തിരിച്ചുവരികയും അന്നു രാത്രിതന്നെ നഗരം വിട്ടതായും വാഗ്മറെ നല്‍കിയ മൊഴിയില്‍ പറയുന്നു.



Sharing is Caring