മണ്‍വിളയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍; വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കും


തിരുവനന്തപുരം: മണ്‍വിളയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കും. അഗ്നിശമന സേനയും പൊലീസും അപകടം അന്വേഷിക്കും.


അതേസമയം ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തി. അഗ്‌നിബാധയുണ്ടായാല്‍ ഉപയോഗിക്കാനായി അഗ്‌നിശമന ഉപകരണങ്ങള്‍ മാത്രമാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. ഇവയില്‍ മിക്കവയും അടുത്തിടെ നടന്ന അഗ്‌നിബാധ ചെറുക്കാനായി ഉപയോഗിച്ചവയും ആയിരുന്നെന്നാണ് കണ്ടെത്തല്‍.


ഫാക്ടറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചതും അഗ്‌നിബാധ തടുക്കുന്നതില്‍ കടുത്ത വെല്ലുവിളി സൃഷ്ടിച്ചു. ഫാക്ടറിക്കുള്ളില്‍ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കരുതെന്ന നിര്‍ദ്ദേശം ഫാക്ടറി അധികൃതര്‍ അവഗണിച്ചതായാണ് വ്യക്തമാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകള്‍.

12 മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് മണ്‍വിള ഫാക്ടറിയിലെ തീയണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടം അപകടാവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്റെ മതില്‍ പുലര്‍ച്ചയോടെ തകര്‍ന്നുവീണു. വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്ത് നിന്ന് ആളുകളെ രാത്രിയോടെ ഒഴിപ്പിച്ചിരുന്നു.

അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് ഫാമിലി പ്ലാസ്റ്റിക് അധികൃതര്‍ വ്യക്തമാക്കുന്നത്. അഗ്‌നിബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രന്‍ വ്യക്തമാക്കി. ഇതിന് വിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം വിശദമാക്കി.



Sharing is Caring