ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്‌സാക്ഷിയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി


പൂനെ: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്‌സാക്ഷിയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. പൂജാ സാകേത് എന്ന യുവതിയുടെ മൃതദേഹമാണ്‌ കിണറ്റില്‍ കണ്ടെത്തിയത്. ജനുവരിയില്‍ ദളിതുകള്‍ക്ക് എതിരായി നടന്ന കലാപത്തില്‍ പൂജയുടെ വീടും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു.


കലാപകാരികള്‍ക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്‌.


കലാപത്തെത്തുടര്‍ന്ന് പുനരധിവസിപ്പിച്ചിരിക്കുന്നവര്‍ താമസിക്കുന്നതിന് സമീപത്തുള്ള കിണറ്റിലാണ്‌ മൃതദേഹം കണ്ടത്. വീട് തീവച്ച്‌ നശിപ്പിച്ചവര്‍ക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക് മേല്‍ ഭീഷണിയും സമ്മര്‍ദ്ദവും ശക്തമായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.



Sharing is Caring