അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ 42000 രൂപക്ക് വിറ്റു. ഉത്തര്‍പ്രദേശിലെ ബറോലി ജില്ലയിലെ മിര്‍ഗാന്‍ജിലാണ് ദാരുണ സംഭവം നടന്നത്.
മിര്‍ഗാന്‍ജി സ്വദേശിയായ സഞ്ജു മൗര്യയെന്ന യുവതിയാണ് ഭര്‍ത്താവ് ഹര്‍സ്വരൂപ് മൗര്യയുടെ ചികിത്സക്കായി പണമില്ലാതെ കുഞ്ഞിനെ വിറ്റത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഹര്‍സ്വരൂപ് ജോലിക്കിടെ ചുമര്‍ ഇടിഞ്ഞു വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ച് ഹര്‍സ്വരൂപിന് ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പല ആളുകളോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ആരും തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ലെന്നും തുടര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നും സഞ്ജു പറയുന്നു.
തുടര്‍ന്ന് കുട്ടിയെ വില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഒരാള്‍ തന്നെ സമീപിക്കുകയും അയാള്‍ ഒരു പണക്കാരന് കുട്ടിയെ ആവശ്യമുണ്ടെന്ന് അറിയിച്ചുവെന്നും ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കിയതിനു ശേഷമാണ് കുട്ടിയെ കൈമാറിയതെന്നും യുവതി പറഞ്ഞു.
ഒരു പ്രാദേശിക ചാനലാണ് കുഞ്ഞിനെ സഞ്ജു വിറ്റകാര്യം പുറത്ത് കൊണ്ട് വന്നത്. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കുട്ടിയെ ഉടനെ കണ്ടെത്തി അമ്മയുടെ അടുത്തെത്തിക്കുമെന്നും സാമൂഹ്യ നീതി ഉദ്യോഗസ്ഥര്‍ അറീയിച്ചു.













