ബോയിംഗ് വിമാനങ്ങളിലെ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കിയെന്ന് എയർ ഇന്ത്യ; തകരാറുകൾ കണ്ടെത്തിയില്ല


എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (FCS) ലോക്കിംഗ് സംവിധാനങ്ങളിൽ നടത്തിയ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കി. പരിശോധനകളിൽ ഒരു വിമാനത്തിലും യാതൊരു സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്താനായില്ലെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വീച്ച് പരിശോധിക്കണമെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദേശപ്രകാരമാണ് നടപടി. ജൂലൈ 21-നകം പരിശോധന പൂർത്തിയാക്കാനായിരുന്നു നിർദേശം.


ജൂലൈ 12-ന് തന്നെ സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നതായും ഡിജിസിഎ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അവ പൂർത്തിയാക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. ഈ വിവരം റെഗുലേറ്ററെ അറിയിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എയർ ഇന്ത്യ ആവർത്തിച്ചുറപ്പിച്ചു.




Sharing is Caring