അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുരയില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എട്ടാം തവണയും സിപിഎം അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസിനു പകരം ബിജെപി വന്നു എന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം. ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ ബിജെപിക്ക് സാധിക്കില്ല. ഏതെങ്കിലും തരത്തിലുള്ള ആശയങ്ങളും പരിപാടികളുമായി ജനങ്ങളെ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. ആശയപരമായ പാപ്പരത്തംകൊണ്ടാണ് വ്യക്തിപരമായി അവഹേളിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത്. ത്രിപുരയെ വിഭജിക്കാനും നശിപ്പിക്കാനുമാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ പിന്തുണയ്ക്കുന്നത് വിഘടനാവിദകളെ പിന്തുണക്കുന്നതിന് തുല്യമാണ്.

ത്രിപുരയില്‍ സിപിഎം വന്‍ ഭൂരിപക്ഷം നിലനിര്‍ത്തും. ഭരണവിരുദ്ധ വികാരം ഇല്ല. ത്രിപുരയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ജനവിരുദ്ധമായ ഒരു നടപടിയും ഇടതു സര്‍ക്കാര്‍ എടുത്തിട്ടില്ല. വീണ്ടും ഇടതു പക്ഷം അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.













