ബസ്‌ ചാര്‍ജ്‌ വര്‍ധന ജനദ്രോഹനടപടിയെന്ന്‌ രമേശ്‌ ചെന്നിത്തല


തിരുവനന്തപുരം: ബഡ്ജറ്റില്‍ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ച സര്‍ക്കാര്‍ ബസ് യാത്രാക്കൂലി വര്‍ദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്ധനവില വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ യാത്രക്കൂലി ഇപ്പോള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നു. സര്‍ക്കാര്‍ തന്നെ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയും എന്നിട്ട് വില വര്‍ദ്ധിച്ചു എന്ന കാരണം പറഞ്ഞു യാത്രക്കൂലി കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്.


സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന് സാധാരണ ജനങ്ങള്‍ പിഴ നല്‍കേണ്ടി വന്നിരിക്കുന്നു. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് യാത്രക്കൂലി വര്‍ദ്ധനവ് കനത്ത പ്രഹരമാണ് നല്‍കുക. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലിയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സാധാരണ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്ബോഴൊക്കെ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുകുകയാണ് ചെയ്യുന്നത്. അതിനുള്ള സന്മനസ് പോലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ജനദ്രോഹം മാത്രം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.




Sharing is Caring