ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി ചീഫ് സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും


ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നല്‍കും. ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ഹാജരായി കര്‍മ്മ പദ്ധതി കോടതിയെ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചതായും ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ചതായും കോടതിയെ സര്‍ക്കാര്‍ അറിയിക്കും. മൂന്ന് മാസത്തിനകം ഫ്ളാറ്റുകള്‍ പൊളിക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി.


നാളെ മുതല്‍ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങും. 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങാനാണ് ലക്ഷ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് സര്‍ക്കാരിന് കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത്. തീരദ്ദേശ നിയമം ലംഘിച്ച്‌ നടന്ന എല്ലാ നിര്‍മ്മാണങ്ങളെ കുറിച്ചുളള വിവരങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയേക്കും.


ഇതിനിടെ, നഗരസഭയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച്‌ ഫ്ലാറ്റ് ഉടമകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.



Sharing is Caring