ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍


കൊച്ചി: ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍. പറവൂര്‍ കോടതിയില്‍ നിന്നും മറ്റൊരു കേസ് കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ് ഐ വി വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.


ഫേസ്ബുക്കില്‍ നിരന്തരം മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിമവല്‍ ഭദ്രാനന്ദയ്‌ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 2008 മേയ് 17ന് ആലുവ പോലീസ് സ്റ്റേഷനില്‍ വെച്ച് വെടിയുതിര്‍ത്ത കേസിലാണ് ഹിമവല്‍ ഭദ്രാനന്ദ ചൊവ്വാഴ്ച പറവൂര്‍ കോടതിയില്‍ ഹാജരായത്.
അന്ന് സി ഐയായിരുന്ന ഇപ്പോഴത്തെ ആലുവ ഡി വൈ എസ് പി കെ ജി ബാബുകുമാറിനെ വെടിയേറ്റുന്നുവെന്നാണ് കേസ്. മാധ്യമപ്രവര്‍ത്തകരുമടക്കം 33 സാക്ഷികളെയാണ് വിസ്തരിച്ചത്. എന്നാല്‍ ഈ കേസിന്റെ വിധി പറയുന്നത് കോടതി ഈ മാസം 12 ലേക്ക് മാറ്റിവെച്ചു. കേസ് കഴിഞ്ഞ് കോടതിയില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കി.


ഫേസ്ബുക്കില്‍ ഇതര മതസ്ഥര്‍ക്കെതിരെ സ്ഥിരമായി വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റിടുന്ന ഇദ്ദേഹത്തെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടെ തനിക്ക് തീവ്രവാദ ഭീഷണി ഉള്ളതായി കാണിച്ച് ഹിമവല്‍ ഭദ്രാനന്ദ പോലീസില്‍ പരാതി നല്‍കിയിരുന്നു.



Sharing is Caring