പ്രധാനമന്ത്രി പദത്തെ ബഹുമാനിക്കുന്നു, അപമാനിക്കില്ല- രാഹുല്‍ ഗാന്ധി


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പദത്തെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.


ശത്രുവിനെ സ്‌നേഹം കൊണ്ട് തോല്‍പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ മുന്‍കാല നേതാക്കളായ ഗാന്ധിജിയും വല്ലഭായി പട്ടേലുമൊക്കെ തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മോദിജി എന്നെ കുറിച്ച് മോശമായ സംസാരിക്കാറുണ്ട്. അവസാനം നടത്തിയ പ്രസംഗത്തിലും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി എന്ന സ്ഥാനത്തെ ബഹുമാനിക്കുന്നവെന്നാണ് എനിക്ക് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരോട് പറയാനുള്ളത്. അതുകൊണ്ടു തന്നെ മോദി എനിക്കെതിരെ എത്ര മോശം വാക്കുകള്‍ പ്രയോഗിച്ചാല്‍ ഞാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പോവുന്നില്ല’ പലോളിലെ റാലിയെ അഭിമുഖീകരിച്ച് രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ താങ്കളെ ഞങ്ങള്‍ സ്‌നേഹം കൊണ്ട് പരാജയപ്പെടുത്തുമെന്നും മോദിയോട് രാഹുല്‍ ആവര്‍ത്തിച്ചു.


കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളുമായി മന്‍ കി ബാതിലൂടെയല്ല നേരിട്ടാണ് സംവദിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന മോദി എന്തിനാണ് തന്റെ പ്രസംഗത്തിന്റെ പകുതി ഭാഗം കോണ്‍ഗ്രസിനെ കുറിച്ച് സംസാരിക്കാന്‍ മാറ്റിവെക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കാരണം 22 വര്‍ഷത്തെ ഭരണത്തെ കുറിച്ച് മോദിക്ക് ഒന്നും പറയാനില്ല. സംസ്ഥാനത്തിന്റെ ഭാവിയെ കുറിച്ചും ഒന്നും പറയാനില്ല. തന്റെ പൊള്ളയായ വാഗ്ദാനങ്ങളാണിതിന് കാരണം. ഇന്ന് നിങ്ങള്‍ മോദിയെ വിശ്വസിക്കരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.



Sharing is Caring