പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തി കൊന്നതിന് ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡല്‍ഹിയില്‍ നോയിഡയ്ക്ക് അടുത്തുള്ള ഷോപ്പിങ്മാളില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ദാദ്രി സ്വദേശിയായ കുല്‍ദീപ് സിങ്ങാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദാദ്രിയില്‍ തന്നെ താമസിക്കുന്ന 18കാരിയായ യുവതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ഷോപ്പിങ് മാളിലാണ് യുവതി ജോലി ചെയ്യുന്നത്. മാളിലെ ഒന്നാം നിലയിലുള്ള ടോയ്ലറ്റിലേക്ക് പോവും വഴി കുല്‍ദീപ് സിങ് ഓടിയെത്തി യുവതിയെ കുത്തുകയായിരുന്നു. നിരവധി തവണ കുത്തേറ്റ യുവതി സംഭവ സ്ഥലത്ത്‌വെച്ച് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുല്‍ദീപ് സിങ് പിന്നിട് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. കാസ്ന പോലിസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എതാനും മാസങ്ങളായി യുവതിയെ കുല്‍ദീപ് ശല്യം ചെയ്തിരുന്നു. കുല്‍ദീപിന്റെ ശല്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ ജോലിക്ക് വരാനായി യുവതിക്ക് ഓട്ടോ ശരിയാക്കി കൊടുത്തിരുന്നു.












