കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിതിനെ തുടർന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തയാളെ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി നവാസ് ആണ് മരിച്ചത്. കോട്ടയം മണര്‍കാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരേ ഇയാളുടെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് എത്തി നവാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാത്രി തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ജീവനൊടുക്കിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പഷല് ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചതായി കോട്ടയം എസ്പി അറിയിച്ചു. കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്റ നിര്‍ദേശം നല്കി.













