പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറയുന്നു


അബുദബി: പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറഞ്ഞതായി റിക്രൂട്ടിങ് ഏജന്‍സികള്‍. ഓഗസ്റ്റില്‍ പൊതുമാപ്പ് തുടങ്ങിയശേഷം നിയമാനുസൃതം തൊഴിലെടുക്കാന്‍ സന്നദ്ധരായവരുടെ എണ്ണം കൂടിയതാണു കാരണം.


മുമ്പത്തേക്കാള്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനുള്ള ചെലവ് ഇപ്പോള്‍ 20% കുറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളില്‍ തിരക്കു കൂടിയതായാണു റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ തയാറാക്കി നിയമാനുസൃതം ജോലിചെയ്യാനുള്ള ശ്രമത്തിലാണ് അനധികൃത താമസക്കാര്‍. പുതിയ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാന്‍ തയാറായവരുടെ എണ്ണം കൂടിയതോടെ വീട്ടുജോലിക്കാരെ വിദേശത്തുനിന്നു കൊണ്ടുവരാനുള്ള ചെലവ് കുറഞ്ഞു. യുഎഇയിലേക്കു ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങള്‍ക്ക് അനുസരിച്ചാണു റിക്രൂട്ടിങ് ഏജന്‍സികള്‍ നിരക്ക് ഈടാക്കുക.


ഫിലിപ്പീന്‍സ് സ്വദേശിയെ കൊണ്ടുവരണമെങ്കില്‍ 15000 ദിര്‍ഹം വരെ ചെലവാകും. എന്നാല്‍ ആഫ്രിക്കന്‍ വംശജരെയാണു നിയമിക്കുന്നതെങ്കില്‍ 3500-5000 ദിര്‍ഹം മതി. ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ എന്നിവിടങ്ങളില്‍നിന്നു വീട്ടുജോലിക്കാരെ കൊണ്ടുവരാനാണു ചെലവു കൂടുതലെന്നും ഏജന്‍സികള്‍ സൂചിപ്പിച്ചു.



Sharing is Caring