പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്ക് മുന്നില്‍. നാലാം ദിനം കളിനിര്‍ത്തുന്പോള്‍ 287 റണ്‍സ് വിജയലക്ഷ്യം പിന്തടരുന്ന ഇന്ത്യ 112/5 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യയ്ക്ക് ജയം 175 റണ്‍സ് അകലെയാണ്. ഹനുമ വിഹാരി (24), ഋഷഭ് പന്ത് (9) എന്നിവരാണ് ക്രീസില്‍.
സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് കെ.എല്‍.രാഹുല്‍ പവലിയനില്‍ തിരിച്ചെത്തിയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ സ്റ്റാര്‍ക്ക് രാഹുലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. പ്രതീക്ഷകളത്രെയും പൂജാരയും കോഹ്ലിയിലുമായിരുന്നു. പൂജാര നാല് റണ്‍സിനും കോഹ്ലി 17 റണ്‍സിനും വീണതോടെ ഇന്ത്യ 48/3 എന്ന നിലയിലായി. പൊരുതി നിന്ന മുരളി വിജയിയാണ് നാലാമതായി പുറത്തായത്. മൂന്ന് ബൗണ്ടറികളോടെ 20 റണ്‍സായിരുന്നു സന്പാദ്യം. പ്രതിരോധം വിട്ട് സ്കോര്‍ ചെയ്യാന്‍ ശ്രമിച്ച രഹാനയും വീണതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏകദേശം അവസാനിക്കുകയായിരുന്നു. 30 റണ്‍സായിരുന്നു രഹാനെയുടെ സന്പാദ്യം. ഓസീസിന് വേണ്ടി ഹേസില്‍വുഡും ലയണും രണ്ടു വീതം വിക്കറ്റുകള്‍ നേടി.

നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചിരുന്നു. 56 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസിനെ എറിഞ്ഞിട്ടത്. ബുംറയ്ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.
207/9 എന്ന നിലയില്‍ നിന്നാണ് ഓസീസ് 243 റണ്‍സ് നേടിയത്. അവസാന വിക്കറ്റില്‍ സ്റ്റാര്‍ക്ക്-ഹേസില്‍വുഡ് സഖ്യം 36 റണ്‍സ് സ്കോര്‍ ചെയ്തത് ഓസീസിന് മികച്ച ലീഡ് ലഭിക്കുന്നതില്‍ നിര്‍ണായകമായി.
132/4 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഓസീസിന് ഇന്ന് ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമായില്ല. ക്യാപ്റ്റന്‍ പെയിനും കവാജയും ശ്രദ്ധയോടെ ബാറ്റ് ചെയ്ത് സ്കോര്‍ മെല്ല ചലപ്പിച്ചു കൊണ്ടിരുന്നു.
എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം പെയിനെയും ആരോണ്‍ ഫിഞ്ചിനെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തി ഷമി ഇന്ത്യയ്ക്ക് പുതുജീവന്‍ നല്കി. പിന്നാലെ കൃത്യമായ ഇടവേളകളില്‍ ഓസീസ് വിക്കറ്റ് വീണു. അവസാന വിക്കറ്റിലെ ഓസീസ് പോരാട്ടമാണ് പിന്നീട് ഇന്ത്യയെ വലച്ചത്.













