പുഷ്പ -2വിൻ്റെ റിലീസ് ദിനം സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഹൈക്കോടതിയിൽ ഹർജി നൽകി


പുഷ്പ -2വിൻ്റെ റിലീസ് ദിനം സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. സംഭവത്തിൽ നേരത്തെ അല്ലു അർജുനെയും തിയേറ്റർ മാനേജ്‌മെൻ്റിനെയും സുരക്ഷാ ജീവനക്കാരെയും പ്രതി ചേർത്ത് കേസ് എടുത്തിരുന്നു.അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.


കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും അല്ലു അര്‍ജുന്‍ വരുന്നതിന് മുൻകൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിരക്കില്‍പ്പെട്ട് മരിച്ചത്.


ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. തിയേറ്റര്‍ പരിസരത്ത് അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. പിന്നാലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. മകന്‍ ബോധം കെട്ട് വീഴുകയും ഭര്‍ത്താവിനും മകള്‍ക്കും പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്. രേവതിയുടെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു, എല്ലാ സഹായവും നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. രേവതിയുടെ കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും അല്ലു പറഞ്ഞിരുന്നു.



Sharing is Caring