പിണറായി മന്ത്രിസഭ അധികാരമേറ്റു


സംസ്ഥാനമാകെ ആഹ്ളാദവും അഭിമാനവും ജ്വലിച്ചു നില്‍ക്കെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ജനനായകനുമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റു. സംസ്ഥാനത്തിന്‍റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി. ജനപങ്കാളിത്തം ചരിത്രം കുറിച്ച സത്യപ്രതിജ്ഞാചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് ആരംഭിച്ചത്. പതിനായിരങ്ങളുടെ ആഹ്ളാദാരവങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയായി പിണറായി വിജയനും പിന്നീട് മന്ത്രിമാരും പ്രതിജ്ഞയെടുത്തു. 91 എംഎല്‍എമാരുമായി നിര്‍ണായക ഭൂരിപക്ഷമുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ ആവേശമായിരുന്നു അന്നേരം കേരളമാകെ.


3.55ന് ഗവര്‍ണര്‍ വേദിയിലെത്തി. തുടര്‍ന്ന് വൈകീട്ട് നാലിന് തന്നെ സത്യപ്രതിജ്ഞയ്ക്ക് നിയുക്ത മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ക്ഷണിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുമ്പാകെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സഗൌരവം സത്യപ്രതിജ്ഞ ചെയ്തു.


പിണറായിക്ക് ശേഷം ഘടകകക്ഷികളായ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍, ജനതാദള്‍ എസിലെ മാത്യു ടി തോമസ്, എന്‍സിപിയിലെ എ കെ ശശീന്ദ്രന്‍, കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

എ കെ ബാലന്‍,ഡോ. കെ ടി ജലീല്‍, ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍,ജെ മേഴ്സിക്കുട്ടിഅമ്മ, എ സി മൊയ്തീന്‍,കെ രാജു,ടി പി രാമകൃഷ്ണന്‍, പ്രൊഫ. സി രവീന്ദ്രനാഥ്,കെ കെ ശൈലജ, ജി സുധാകരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍,ഡോ. തോമസ് ഐസക് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മാത്യു ടി തോമസും, രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ ടി ജലീലും ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തപ്പോള്‍ മറ്റുള്ളവര്‍ സഗൌരവം പ്രതിജ്ഞയാണ് എടുത്തത്.



Sharing is Caring