പി. ചിദംബരത്തിന്റെ അറസ്റ്റ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് കോൺഗ്രസ്


ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റ് രാജ്യത്തെ സാമ്ബത്തിക രംഗത്തെ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ്. കേസില്‍ പി. ചിദംബരത്തിനെതിരെ തെളിവുകളില്ലെന്നും സ്വന്തം മകളെ കൊലപ്പെടുത്തിയ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.


ഐ.എന്‍.എക്‌സ് മീഡിയ കേസിന്റെ എഫ്.ഐ.ആറില്‍ ചിദംബരം ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്നുവരെ കേസില്‍ അദ്ദേഹത്തിനെതിരെ കുറ്റപത്രവും നല്‍കിയിട്ടില്ല. 2007-ല്‍ നടന്ന സംഭവത്തില്‍ 12 വര്‍ഷത്തിനുശേഷമാണ് അറസ്റ്റ് നടക്കുന്നത്. അതും മോദി അധികാരത്തിലെത്തി ആറുവര്‍ഷത്തിനുശേഷം. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണ്. സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


കേസില്‍ എഫ്.ഐ.പി.ബി. അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മുന്‍ കേന്ദ്രമന്ത്രിയായ ചിദംബരത്തിന്റെ യശസ്സിന് കളങ്കംവരുത്തുക എന്നതാണ് ഈ അറസ്റ്റിന്റെ ലക്ഷ്യമെന്നും സുര്‍ജെവാല ആരോപിച്ചു.



Sharing is Caring