ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ലൈംഗികപീഡന പരാതി നല്കിയ യുവതി വീണ്ടും സിപിഐഎം കേന്ദ്രനേതൃത്വത്തെ സമീപിച്ചു. തന്റെ യഥാര്‍ഥ പരാതി കമ്മീഷനും പാര്‍ട്ടിയും ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന് പരാതിക്കാരിയായ പാലക്കാട്ടെ വനിതാ ഡിവൈഎഫ്ഐ നേതാവ് ആശങ്ക പ്രകടിപ്പിച്ചു. ഇവരുടെ പരാതിയില്‍ ശശിയെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരുന്നു.
ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയിന്മേലല്ല ശശിക്കെതിരെയുള്ള അച്ചടക്കനടപടിയെന്നാണ് വനിതാനേതാവ് കേന്ദ്രനേതൃത്വത്തിനയച്ച കത്തില്‍ പറഞ്ഞിട്ടുള്ളത്. മര്യാദവിട്ടുള്ള ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കിമാത്രമാണ് അച്ചടക്കനടപടി. ലൈംഗികപീഡനമെന്ന പരാതി പാര്‍ട്ടി ഗൗരവമായി കാണാത്തതില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചതായും അറിയുന്നു.

പരാതി അന്വേഷിച്ച രണ്ടംഗകമ്മിഷന്‍ റിപ്പോര്‍ട്ടും സംസ്ഥാനത്തെ അച്ചടക്കനടപടിയും അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും. പരാതിയില്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ചുള്ള നടപടികളല്ല ഉണ്ടായതെന്ന് കേന്ദ്രനേതൃത്വത്തില്‍ ഒരുവിഭാഗം കരുതുന്നു. അംഗത്തിനെതിരെ അധാര്‍മികത സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ അന്വേഷണവിധേയമായി ഉടന്‍ സസ്പെന്ഡുചെയ്യണമെന്നാണ് ഭരണഘടനയനുസരിച്ചുള്ള വ്യവസ്ഥ. എന്നാല്‍, ശശിക്കുനേരെ ഉയര്‍ന്നിട്ടുള്ള പരാതിയിന്മേലാവട്ടെ അന്വേഷണം നടത്തിയശേഷം മാത്രമാണ് അച്ചടക്കനടപടി. ഈ ഭരണഘടനാലംഘനവും കേന്ദ്രനേതൃത്വം കണക്കിലെടുക്കും.
കേരളത്തില്‍ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തി കൈക്കൊണ്ട അച്ചടക്കനടപടി കേന്ദ്രകമ്മിറ്റി അംഗീകരിക്കേണ്ടതുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി എന്തുതീരുമാനിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതന് തെറ്റുചെയ്തതായി പാര്‍ട്ടി കണ്ടെത്തിയാല്‍ പരാതി പൊലീസിന് കൈമാറുമോയെന്ന ചോദ്യത്തിന് അതു പാര്‍ട്ടിയല്ല, പരാതിക്കാരാണ് ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലൈംഗികപീഡനം സംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെ കാണുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും യെച്ചൂരി പറഞ്ഞു












