പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ. നെല്ലിയാമ്പതി വനമേഖലയിലെ അരക്കമലയിൽ പൊലീസിന്റെ വൻസംഘമാണ് പരിശോധന നടത്തുന്നത്. അകംപാടത്തെ പാറമടയിലും പരിശോധന നടത്തുകയാണ്. ഇരട്ടക്കൊലപാതകത്തിലെ പൊലീസ് വീഴ്ചയിൽ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോർട്ട് തേടി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിൽ നടപടി എടുക്കാത്തതിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.അതേസമയം ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടെന്ന വിവരം വ്യാജമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പാലക്കാട് കൊട്ട മൈതാനത്ത് വെച്ച് കണ്ടെന്നാണ് വാർത്ത പ്രചരിച്ചത്. തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് ആലത്തൂർ ഡിവൈഎസ്‌പി മുരളീധരൻ വ്യക്തമാക്കി. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ചെന്താമരനെ ഒടുവിൽ കണ്ടു എന്ന് കരുതുന്ന കുളത്തിൽ സ്കൂബ സംഘം തെരച്ചിൽ നടത്തിയിരുന്നു.














