പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ 15 മുതല്‍ ചേരാന്‍ തീരുമാനമായി. പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബര്‍ 15ന് തുടങ്ങി ജനുവരി 5ന് അവസാനിക്കുന്ന തരത്തിലാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചേരുക. ഡിസംബര്‍ 25,26 അവധിദിവസങ്ങളായതിനാല്‍ ആകെ 14 ദിവസങ്ങളിലേ പാര്‍ലമെന്റ് ചേരൂ എന്നും മന്ത്രി അറിയിച്ചു.

ശീതകാലസമ്മേളനം വിജയിപ്പിക്കാനും അര്‍ഥവത്താക്കാനും എല്ലാ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് പാര്‍ലമെന്റി കാര്യസമിതി യോഗം ചേര്‍ന്ന് തീയതി തീരുമാനിച്ചത്.
നവംബര്‍ ആദ്യം ചേരേണ്ട പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബിജെപി മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഗുജറാത്തില്‍ സമയം ചെലവഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാര്‍ലമെന്റിലേക്ക് തിരിഞ്ഞുനോക്കാന്‍ പോലും നേരമില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നോട്ട് നിരോധനം, ജി.എസ്.ടി., റാഫേല്‍ വിമാന ഇടപാട്, മന്ത്രിമാരുടെ അഴിമതി തുടങ്ങിയവയെല്ലാം ശീതകാലസമ്മേളനത്തില്‍ പ്രതിപക്ഷം ആയുധമാക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ താറുമാറാക്കുകയാണ് ബിജെപിയെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ലമെന്റ് ചേരുന്നത് വൈകിപ്പിക്കുക സാധാരണമാണെന്നും വിവാദങ്ങള്‍ അനാവശ്യമാണ് എന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.













