ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റോമയുമായുള്ള മത്സരത്തിനിടെ പരുക്കേറ്റ ലിവര്‍പൂളിന്റെ അലക്‌സ് ഓക്‌സ്‌ലെയ്ഡ് ചേംബര്‍ലെയിന്റെ ലോകകപ്പ് സാധ്യത മങ്ങി. കാല്‍മുട്ടിനേറ്റ പരുക്കാണ് ഇംഗ്ലീഷ് താരത്തിന് വിനയായത്.
ആന്‍ഫീല്‍ഡില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ആദ്യപാദസെമിയില്‍ റോമയുടെ അലക്‌സാണ്ടര്‍ കൊളറോവിനെ ടാക്കിള്‍ ചെയ്യുന്നതിനിടെ ചേംബര്‍ലെയിന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു. ഇതോടെ കളിതുടങ്ങി ആദ്യ ഇരുപത് മിനുട്ടിനുള്ളില്‍ തന്നെ മധ്യനിര താരത്തെ ലിവര്‍പൂളിന് പിന്‍വലിക്കേണ്ടി വന്നു. പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്ക് മാറി അടുത്ത സീസണിലേ താരത്തിന് ടീമില്‍ തിരിച്ചെത്താന്‍ സാധിക്കൂ എന്നാണ് ക്ലബ്ബ് നല്‍കുന്ന സൂചന. ഇതോടെ ലിവര്‍പൂളിന്റെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും, വരാനിരിക്കുന്ന ലോകകപ്പും അദ്ദേഹത്തിന് നഷ്ടമാകും.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. ലിവര്‍പൂളിനായി മുഹമ്മദ് സാലാ, റോബര്‍ട്ട് ഫിര്‍മിനോ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. സാദിയോ മാനെയാണ് ശേഷിക്കുന്ന ഒരു ഗോള്‍ അടിച്ചത്. റോമയ്ക്കായി എഡിന്‍ സെക്കോയും, ദ്യോഗോയും ഗോള്‍ നേടി. മെയ് രണ്ടിനാണ് രണ്ടാംപാദ സെമി.














