പനീര്‍ശെല്‍വം-പളനിസാമി പക്ഷങ്ങളുടെ ലയന ചര്‍ച്ച ഇന്ന്


തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെയിലെ പനീര്‍ശെല്‍വം- പളനിസാമി പക്ഷങ്ങളുടെ ലയന ചര്‍ച്ച ഇന്ന് നടക്കും. അണ്ണാ ഡി.എം.കെയും എന്‍.ഡി.എ മുന്നണിയിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ലയന ചര്‍ച്ച നടക്കുന്നത്.


ഇന്നു ഉച്ചയ്ക്ക് 12 മണിക്കാണ് ഇരു വിഭാഗങ്ങളുടെയും നേതാക്കള്‍ തമ്മില്‍ യോഗം ചേരുക. അതേസമയം, ലയനത്തിന്റെ ഭാഗമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി പനീര്‍ശെല്‍വം ഇന്നു സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടക്കും. തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ഗവര്‍ണ്ണര്‍ മുമ്പാകെയാകും സത്യപ്രതിജ്ഞ.


ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കണമെന്നും മുഖ്യമന്ത്രി സ്ഥാനമോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനമോ തങ്ങള്‍ക്ക് നല്‍കണമെന്നാണ് പനീര്‍ഷെല്‍വം വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്നും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നുമാണറിയുന്നത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒ പനീര്‍ശെല്‍വം ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. നാളെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തമിഴ്‌നാട് സന്ദര്‍ശിക്കുന്നുണ്ട്. എം.ഐ.എ.ഡി.എം.കെയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് പാര്‍ട്ടിയെ എന്‍.ഡി.എ മുന്നണിയിലേക്ക് ചാക്കിട്ടു പിടിക്കാനാണ് അമിത് ഷായുടെ സന്ദര്‍ശന ലക്ഷ്യം.



Sharing is Caring