ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഇന്നു നെടുമ്ബാശേരിയില്‍


ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ ഫിലിപ്പ് കീ ഇന്നു നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കും. ഭാര്യ ബ്രൊണാഹ് കീയും ഇന്ത്യയിലെയും ന്യൂസിലന്‍ഡിലെയും നയതന്ത്ര പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടെ 81 അംഗ സംഘം ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.


ഡല്‍ഹിയില്‍ നിന്ന് ഇന്നു വൈകുന്നേരം 5.10നു റോയല്‍ ന്യൂസിലന്‍ഡ് എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ നെടുമ്ബാശേരിയിലെത്തുന്ന സംഘത്തെ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കും.


സിയാലില്‍ 1,100 കോടി രൂപ മുടക്കി 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതുതായി നിര്‍മിച്ച അന്താരാഷ്ട്ര ടെര്‍മിനല്‍ കാണുകയാണു പ്രധാനമന്ത്രിയുടെ പ്രധാന സന്ദര്‍ശന ലക്ഷ്യം. ന്യൂസിലന്‍ഡ് കമ്ബനിയായ ഗ്ലൈഡ് പാത്ത് ആണ് ഇവിടെ ഇന്‍ലൈന്‍ ബാഗേജ് ഹാന്‍ഡിലിംഗ് സംവിധാനം സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും അത്യാധുനികമായ ഇന്‍ലൈന്‍ ബാഗേജ് സംവിധാനമാണിത്. ഇതിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി നിരീക്ഷിക്കും. തുടര്‍ന്ന് 6.40നു ഡല്‍ഹിക്കു തിരിച്ചുപോകും. 24-നാണു ജോണ്‍ ഫിലിപ്പ് കീ ഇന്ത്യയിലെത്തിയത്.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷ സംവിധാനം കുറ്റമറ്റതാക്കാന്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.



Sharing is Caring