ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മകൻ എറിക് ട്രംപ്.മംദാനി ‘ഇന്ത്യൻ ജനതയെ വെറുക്കുന്നു’ എന്നാണ് എറിക്കിന്‍റെ ആരോപണം. ഒരിക്കല്‍ ന്യൂയോർക്ക് ലോകത്തിലെ ഏറ്റവും മഹത്തായ നഗരമായിരുന്നുവെന്നും എന്നാല്‍ ഇന്ന് എല്ലാം നശിച്ച സ്ഥിതിയാണെന്നും എറിക് പറഞ്ഞു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എറിക്കിന്‍റെ പരാമർശം.
പലചരക്ക് കടകള്‍ ദേശസാല്‍ക്കരിക്കാൻ ആഗ്രഹിക്കുന്ന, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന, ജൂത ജനതയെ വെറുക്കുന്ന, ഇന്ത്യൻ ജനതയെ വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ്” ആണ് മംദാനിയെന്നാണ് എറിക്കിന്‍റെ ആരോപണം. നിയുക്ത മേയർ സുരക്ഷിതമായ തെരുവുകള്‍, വൃത്തിയുള്ള തെരുവുകള്‍, ന്യായമായ നികുതികള്‍ പോലുള്ള ലളിതമായ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എറിക് ആവശ്യപ്പെട്ടു.അമേരിക്കയിലെ പ്രധാന നഗരങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നത് തീവ്ര ഇടതുപക്ഷ അജണ്ടയിലൂടെയാണെന്ന് എറിക് പറഞ്ഞു.

ഇതാണ് നഗരങ്ങളുടെ മോശം അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു- ‘ഒരു കാലത്ത് ഈ നഗരം ലോകത്തിലെ ഏറ്റവും മഹത്തായ നഗരം ആയിരുന്നു. എന്നാല്‍ രാഷ്ട്രീയം കാരണം ഇപ്പോള്‍ ആ പദവി നഷ്ടപ്പെട്ടു.’ സോഷ്യലിസ്റ്റ് നയങ്ങള്‍ കാരണം വൻകിട കമ്ബനികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.നേരത്തെ ഒരു പരിപാടിയില്‍ മംദാനിയെ ഭ്രാന്തൻ എന്നാണ് എറിക് വിശേഷിപ്പിച്ചത്. മംദാനി ഭരിക്കുന്ന നഗരം നശിക്കും. ഇത്തരം ആശയങ്ങള്‍ പ്രചരിക്കാൻ കണസർവേറ്റീവുകള്‍ അനുവദിക്കരുത്. മഹത്തായ അമേരിക്കൻ നഗരത്തെ നശിപ്പിക്കാൻ പോകുന്നു. ഇത് രാജ്യത്തുടനീളം പടരാൻ അനുവദിക്കില്ല. ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റാണെന്നും എറിക് നേരത്തെ പറഞ്ഞിരുന്നു. 34 കാരനായ മംദാനി ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യൻ മേയറുമാണ്.













