നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ ഭ്രൂണം; അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍


മസ്കറ്റ്: ശാരീരിക അസ്വസ്തതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഡോകടര്‍മാര്‍ ഭ്രൂണം പുറത്തെടുത്തു. ഇരട്ടക്കുട്ടികളാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നതെന്നും. അപൂര്‍വ്വമായ ഇത്തരമൊരു അവസ്ഥയാണ് ഒമാനിലെ റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ നാല് മാസം പ്രായമായ കുഞ്ഞില്‍ സ്ഥിരീകരിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് പീഡിയാട്രിക് സര്‍ജറി തലവന്‍ ഡോ. മുഹമ്മദ് ബിന്‍ ജാഫര്‍ അല്‍ സഗ്‌വാനിയുടെ നേതൃത്വത്തില്‍ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്.


കുട്ടിയുടെ ഉദരത്തിലെ ഭ്രൂണം ഏതാണ്ട് പൂര്‍ണ്ണരൂപം പ്രാപിച്ചിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്ക് കഠിനമായ ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഇത് അനസ്‌തേഷ്യ നല്‍കാനുള്‍പ്പെടെ പ്രയാസമുണ്ടാക്കിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയ ധമനിയുമായും ആമാശയവും കരളും പിത്തസഞ്ചിയും അടക്കമുള്ള മറ്റ് ആന്തരികാവയവങ്ങളുമായി ചേര്‍ന്നുകിടക്കുകയായിരുന്നു ഭ്രൂണം. ഇതും ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച് ശസ്ത്രക്രിയ വിജയിപ്പിക്കാനായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.



Sharing is Caring