സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ താനാണെന്ന് മുലായം സിംഗ് യാദവ്. സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവാണെന്നും അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാം ഗോപാല്‍ യാദവിനെ പാര്‍ട്ടി ആറുവര്‍ഷത്തേക്ക് പുറത്താക്കിയതാണ്. അതിനാല്‍ അദ്ദേഹത്തിന് പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ല. രാം ഗോപാല്‍ വിളിച്ചു ചേര്‍ത്ത യോഗം പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും മുലായം പറഞ്ഞു.
പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഖിലേഷ് ക്യാമ്പ് സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ ഇതേ ആവശ്യത്തിന് ഡല്‍ഹിയിലെത്തിയതായിരുന്നു മുലായം. തിങ്കളാഴ്ച മുലായം വിഭാഗവും സൈക്കിള്‍ ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഇതിനായി മുലായവും ഇളയ സഹോദരന്‍ ശിവ്പാലും ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തി.

ഇരുവരും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. സൈക്കിള്‍ ഏതു വിഭാഗത്തിനു നല്‍കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച അന്തിമതീരുമാനമെടുക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.













