ദിലീപ് കുറ്റക്കാരനാണെന്നോ അല്ലന്നോ നിലപാട് എടുത്തിട്ടില്ല; നടിക്ക് നീതി ലഭിക്കണം; പ്രത്യേക ജനറല്‍ ബോഡി യോഗം ഉടന്‍ വിളിക്കും; ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ


തിരുവനന്തപുരം: ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് താരസംഘടനയായ അമ്മ. നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും വിശദീകരണം. കോടതിവിധിക്ക് മുന്‍പ് ദിലീപിനെ പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കം. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് ജഗദീഷ് പറഞ്ഞു.


ഡബ്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. അമ്മയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ ബോഡി വിളിക്കുമെന്നും അമ്മ പറഞ്ഞു.


മാതൃകാപരമായ തീരുമാനം ഉണ്ടാകുമെന്ന് കരുതിയാണ് ഓഗസ്റ്റ് 7ന് നടന്ന അമ്മ നിർവാഹക സമിതിയിൽ ചർച്ചയ്ക്കു പോയതെന്നു സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആദ്യത്തെ 40 മിനിട്ട് ഞങ്ങളെ കുറ്റപ്പെടുത്തൽ മാത്രമായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ശബ്ദസന്ദേശം കേൾപ്പിച്ചതോടെ അവർ നിശബ്ദരായി. താൻ ആ നടിക്കൊപ്പമാണന്നും എന്നാൽ ദിലീപിന്റെ കാര്യത്തിൽ ജനറൽബോഡിക്കു മാത്രമേ തീരുമാനം എടക്കാനാവൂവെന്നുമായിരുന്നു പ്രസിഡന്റ് മോഹൻലാൽ പറഞ്ഞത്.

പിന്നീടു മാത്രമാണ് ഞങ്ങൾക്കു സംസാരിക്കാൻ അവസരം തന്നത്. ദിലീപ് വിഷയത്തിൽ മാത്രമായിരുന്നു അവർക്ക് വിയോജിപ്പ്. നിയമോപദേശം വേണമെന്ന നിലപാടെടുത്തപ്പോൾ പത്മപ്രിയ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് ഉടൻ നിയമോപദേശം തേടിക്കൊടുത്തു.എന്നാൽ യോഗ വേദിയിൽ നിന്നു മാധ്യമങ്ങൾ മടങ്ങിയതോടെ ഭാരവാഹികളുടെ ഭാവം മാറി. യോഗ തീരുമാനങ്ങളൊന്നും മാധ്യമങ്ങളെ അറിയിക്കരുതെന്നും 10 ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് യോജിച്ച് പ്രഖ്യാപിക്കാം എന്നുമായിരുന്നു പറഞ്ഞത്.

പക്ഷേ, ആവശ്യങ്ങളിൽ ഒന്നു പോലും അംഗീകരിക്കാതെയാണ് മറുപടി നൽകിയത്. ദിലീപിനെതിരായ നടപടി തീരുമാനിക്കാൻ തങ്ങൾക്കു അധികാരമില്ലെന്ന നിർവാഹക സമിതി നിലപാട് കുറ്റാരോപിതനെ സംരക്ഷിക്കുന്നതാണ്. വനിതാ കൂട്ടായ്മ സമർപ്പിച്ച മൂന്ന് നിയമോപദേശവും തള്ളിയാണ് അവർക്കു ലഭിച്ചെന്നു പറയുന്ന നിയമോപദേശത്തിന്റെ പേരിൽ ഈ തീരുമാനം എടുത്തത്. മുൻപ് തിലകനെതിരെ നടപടിയെടുത്തത് നിർവാഹക സമിതിയാണ്.ആ അധികാരം ദിലീപിന്റെ കാര്യത്തിൽ മാത്രം ഇല്ലാതാവുന്നതെങ്ങനെ? സംഘടനയുടെ നിയമാവലിയിൽ തന്നെ നിർവാഹക സമിതിയുടെ അധികാരം വ്യക്തമാക്കിയിട്ടുണ്ട്.- ഡബ്ല്യുസിസി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.



Sharing is Caring