ദലിത് വിദ്യാര്‍ഥികള്‍ മോദിയുടെ ‘പരീക്ഷ പേ ചര്‍ച്ച’ കേട്ടത് കുതിരലായത്തിലിരുന്ന്


ചണ്ഡിഗഢ്: വെള്ളിയാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചര്‍ച്ച’യില്‍ ദലിത് വിദ്യാര്‍ഥികളോട് കടുത്ത വിവേചനം കാണിച്ചതായി പരാതി. പരിപാടി ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് ഹരിയാനയിലെ കുളു സര്‍ക്കാര്‍ സ്കൂളിലെ ദിലിത് വിദ്യാര്‍ഥികളെ കുതിരകള്‍ക്കുള്ള ലായത്തില്‍ ഇരുത്തി അപമാനിക്കുകയായിരുന്നു അധ്യാപകര്‍.


സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി തലവന്‍റെ വീട്ടിലാണ് മോദിയുടെ പരിപാടി ടെലിവിഷനില്‍ കാണാന്‍ സൗകര്യമൊരുക്കിയിരുന്നത്. ഇവിടെ കുതിരകളെ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഇരിക്കാന്‍ മെഹര്‍ചന്ദ് എന്ന അധ്യാപകന്‍ ദലിത് വിദ്യാര്‍ഥികളോട് നിര്‍ദേശിക്കുകയായിരുന്നു. പരിപാടി കഴിയുന്നതുവരെ പുറത്ത് പോകരുതെന്ന് കര്‍ശനമായ താക്കീതും നല്‍കിയിരുന്നു.


കുളു ഡെപ്യൂട്ടി കമീഷണര്‍ക്കാണ് ഇതു സംബന്ധിച്ച്‌ വിദ്യാര്‍ഥികളുടെ പരാതി ലഭിച്ചത്. ഉച്ചഭക്ഷണ സമയത്തും തങ്ങള്‍ വിവേചനത്തിന് ഇരയാകാറുണ്ടെന്ന് നോട്ടുബുക്കിലെ പേജിലെഴുതിയ പരാതിയില്‍ പറയുന്നു. സ്കൂളിലെ സാധാരണ വിദ്യാര്‍ഥികളോടൊപ്പം ദലിത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കാറില്ല. ഹൈഡ്മാസ്റ്ററും ഇതിന് കൂട്ടുനില്‍ക്കയാണ് പതിവെന്നും പരാതിയിലുണ്ട്.

സംഭവത്തിന്‍റെ വിഡിയോ ക്ളിപ് പുറത്തുവന്നതോടെ പ്രാദേശിക സംഘടനകള്‍ സ്കൂളിനും അധികൃതര്‍ക്കും എതിരെ പ്രതിഷേധ സമരം ആരംഭിച്ചിരിക്കുകയാണ്. സമരം ശക്തമായതോടെ ഹെഡ് മാസ്റ്റര്‍ മാപ്പെഴുതിക്കൊടുക്കാന്‍ തയാറായെങ്കിലും സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ തയാറായിട്ടില്ല.

സംഭവത്തെ ഗൗരവത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ യൂനുസ് അറിയിച്ചു. മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Sharing is Caring