ത്രിപുരയില്‍ മോദിയുടെ ആദ്യ റാലി ഇന്ന്‌, ചെങ്കോട്ടയില്‍ അങ്കത്തിനൊരുങ്ങി ബി.ജെ.പി


അഗര്‍ത്തല: ചെങ്കോട്ടയായ ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കമാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് അന്ത്യം കുറിച്ച്‌ ബിജെപി ഭരണം പിടിച്ചെടുക്കുമുന്ന അഭിപ്രായ സര്‍വെകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രചരണം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.


2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം മോദി ആദ്യമായാണ് ത്രിപുരയില്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുന്നത്. സിപാഹിജാല ജില്ലയിലെ സോനാമുറയിലും ഉനാകോട്ടി ജില്ലയിലെ കൈലാശഹറിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാനത്തെ ബിജെപി വക്താവ് മൃണാല്‍ കാന്തി പറഞ്ഞു. സംസ്ഥാനത്തെ ഗോത്രവര്‍ഗവിഭാഗത്തിന്റെ വോട്ടുകള്‍ ബിജെപിയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വെകള്‍ പുറത്തുവന്നതോടെ ശക്തമായ പ്രചരണമാണ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി വിവിധ കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

60 നിമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച്‌ മൂന്നിനാണ്. 1993 മുതല്‍ സിപിഐഎം അധികാരത്തിലുള്ള ത്രിപുരയില്‍ ഏതുവിധേനെയും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാല്‍ ജനങ്ങളുടെ ശക്തമായ പിന്തുണയുള്ള മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ തന്നെയാണ് ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ലളിത ജീവിതം നയിച്ച്‌ മുന്നോട്ട് പോകുന്ന മാണിക് സര്‍ക്കാരിനെ പോലുള്ള നേതാവാണ് ത്രിപുരയില്‍ സിപിഐഎമ്മിന്റെ ഏറ്റവും വലിയ ശക്തിയും. ദന്‍പൂര്‍ മണ്ഡലത്തില്‍നിന്നാണ് മാണിക് സര്‍ക്കാര്‍ ജനവിധി തേടുന്നത്.

ബിജെപിയെ സംബന്ധിച്ചും സിപിഐഎമ്മിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ് ത്രിപുരയിലെ ഫലസൂചനകള്‍. ത്രിപുരയിലെ ഫലസൂചനകള്‍ ബിജെപിയ്ക്ക് അനുകൂലമാവുകയാണെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് പാര്‍ട്ടിയ്ക്ക് ശക്തിയാകും. അതേസമയം സിപിഐഎമ്മിന്റെ വിജയം രാജ്യത്തിന്റെ മതേതരവിജയമായും, ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ക്കുള്ള തിരിച്ചടിയായും വിലയിരുത്തപ്പെടും.



Sharing is Caring